ഊട്ടി: തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര തടസ്സപ്പെടുത്തി ഒറ്റയാന്‍റെ കുറുമ്പ്. മേട്ടുപ്പാളയം – കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്.
കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടക്കാതിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കൊമ്പന്‍റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി യാത്ര ആസ്വദിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ വഴിമുടക്കി നിന്ന കാട്ടുകൊമ്പന്‍ കബാലിയെ വരച്ച വരയില്‍ നിന്ന് യാത്രക്കാരുമായി മുന്നോട്ട് പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏഴ് വര്‍ഷമായി ഇതേ പാതയില്‍ ബസ് ഓടിക്കുന്ന ബേബിക്ക് സുപരിചിതനാണ് കബാലി. ആതിരപ്പിള്ളി, ചാലക്കുടി, മലക്കപ്പാറ റോട്ടിലെ ഡ്രൈവറാണ് ബേബി. മലക്കപ്പാറിയില്‍ നിന്ന് തിരിച്ച് വരുന്ന യാത്രയിലാണ് സംഭവമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ചിത്രീകരിച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായതിന് പിന്നാലെയാണ് ബേബി ചേട്ടനും വൈറലായത്.