National

വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്

ഉപരാഷ്ട്രപതി പദത്തിൽ ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ കക്ഷി നേതാക്കൾ സംസാരിക്കും.

വൈകിട്ട് ആറ് മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന യാത്ര അയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും രാജ്യസഭാ അംഗങ്ങളും പങ്കെടുക്കും. യോഗത്തിൽ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗം നടത്തും.

ബിജെപി ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017 ൽ ഓഗസ്റ്റ് 11 ൽ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂർത്തിയാക്കിതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ വ്യാഴാഴ്ച സ്ഥാനമേൽക്കും.

സർവ്വസീകാര്യനായ വെങ്കയ്യ നായിഡുവിന് ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ടുകളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകറിന് ലഭിച്ചത്. എൻഡിഎയുടെയും പിന്തുണച്ച പാർട്ടികളുടെതുമായി 515 വോട്ടുകളാണ് ജഗ്ദീപ് ധൻകറിന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 528 വോട്ടുകൾ അദ്ദേഹത്തിനു ലഭിച്ചു. കർഷക പ്രക്ഷോഭത്തെ തുടർന്ന് നഷ്ടമായ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ജഗ്ദീപ് ധൻകറിലൂടെ തിരികെ പിടിക്കാം എന്നാണ് ബിജെപി കണക്കാക്കുന്നത്.

ശിവസേനയുടെയും ജെഎംഎമിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവക്ക് 200 വോട്ടുകൾ പോലും നേടാനായില്ല. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ആണ് സംയുക്ത സ്ഥാനാർത്ഥി എന്ന ആശയം അവതരിപ്പിച്ചതെങ്കിലും, തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പ്രതിപക്ഷ ഐക്യത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് .

തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പ്രതിപക്ഷ യോഗം ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. പാർട്ടിയുടെ വിലക്ക് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ ശിശിർ അധികാരി, ദിബ്യേന്തു അധികാരി എന്നിവർക്കെതിരെ ടിഎംസി നടപടി എടുത്തേക്കുമെന്നാണ് സൂചന. ശിവസേനയുടെ അഞ്ചു എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിന്റെ കാരണത്തിലും വ്യക്തതയില്ല.