National

‘അപമാനകരമായ പ്രവൃത്തി’; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്കുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സംവാദത്തിനായിരുന്നു ലണ്ടനിലേക്ക് ക്ഷണം. വിമര്‍ശിക്കാനും ക്രിയാത്മകമായി നിര്‍ദേശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമുണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

‘ഞങ്ങളുടെ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിമര്‍ശിക്കാനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്ത്യയുടെ രാഷ്ട്രീയം ഇടം നല്‍കുന്നുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളും വെല്ലുവിളികളും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അപമാനകരമായ പ്രവൃത്തിയാണ്’. വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം. ലണ്ടനിലെ രാഹുലിന്റെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്ന് ബിജെപി ആരോപിച്ചു. മാപ്പ് പറയാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോക്‌സഭാ സ്പീക്കറിന് കത്ത് നല്‍കി. 2005ല്‍ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെയും പ്രതിപക്ഷത്തെയും ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.