ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളുടെ കാര്യത്തിലും സർക്കാർ വലിയ പ്രഖ്യാപനമാണ് നടത്തിയത്. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പൂർണ്ണ ശേഷിയോടെ ആളുകൾക്ക് പങ്കെടുക്കാം. മാസ്ക് ധാരണവും കൊവിഡ് പ്രോട്ടോക്കോളും നിർബന്ധമാണ്.
അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവനീഷ് അവസ്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ നിരക്ക് കുറഞ്ഞതിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഉത്തരവിൽ പറയുന്നു.