National

ഓർഡർ ചെയ്ത് എത്തിയ ഐഫോണിന് നൽകാൻ പണമില്ല; ഡെലിവറി ബോയിയെ കൊന്ന് മൃതദേഹം നാല് ദിവസം ഒളിപ്പിച്ചു

കർണാടകയിലെ ഹാസൻ ജില്ലയിൽ ഐഫോൺ വിതരണം ചെയ്യാനെത്തിയ ഇ-കാർട്ട് ഡെലിവറി ബോയിയെ കൊലപ്പെടുത്തി ഇരുപത് വയസുകാരൻ. നാല് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയും അതിനുശേഷം മൃതദേഹം പ്രതി റെയിൽവേ സ്റ്റേഷന് സമീപം കത്തിക്കുകയും ചെയ്തു.

ഹേമന്ത് ദത്ത് എന്ന പ്രതിയാണ് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് നൽകാൻ പണമില്ലാത്തതിനാൽ ഡെലിവറി ബോയിയെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 11 ന് അഞ്ചക്കോപ്പൽ റെയിൽവേ സ്റ്റേഷനു സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇ-കാർട്ട് എക്‌സ്പ്രസിൽ ജോലി ചെയ്തിരുന്ന ഹേമന്ത് നായിക് (23) ആണ് മരണപ്പെട്ടത്. ഫെബ്രുവരി ഏഴിന് ലക്ഷ്മിപുര ലേഔട്ടിന് സമീപം ഹേമന്ദ് ദത്ത് ബുക്ക് ചെയ്ത സെക്കൻഡ് ഹാൻഡ് ഐഫോൺ എത്തിക്കാൻ ഹേമന്ത് നായിക് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ‘ദി ഹിന്ദു’ റിപ്പോർട് ചെയ്തു.

ഓർഡർ ചെയ്ത 46,000 രൂപ ആവശ്യപ്പെട്ടപ്പോൾ ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് ദിവസം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് മൃതദേഹം പൊതിഞ്ഞ് ബൈക്കിൽ കയറ്റി റെയിൽവേ സ്റ്റേഷനു സമീപം കത്തിച്ചു. പ്രതി ബൈക്കിൽ മൃതദേഹം കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവാവിനെ പിടികൂടി.