National

ഇന്ത്യാ – ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

ഇന്ത്യാ – ചൈന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.

ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവില്‍ അമേരിക്ക അനുശോചനം അറിയിച്ചു. അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന പ്രകോപനവുമായി ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനയുടെ സംയമനം ബലഹീനതയായി കാണരുതെന്നും മുഖപത്രത്തില്‍ പറയുന്നു.

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത്‌ പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.