National

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടർപഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ. മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ തുടർ പഠനം നടത്താൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യമൊരുക്കിയ ബംഗാൾ സർക്കാറിന്റെ നടപടി ചട്ടവിരുദ്ധമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ.

യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ, ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്രത്തെ വിമർശിച്ച് ബംഗാൾ സർക്കാർ, സംസ്ഥാനത്ത് മടങ്ങിയെത്തിയ 412 മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കിയിരുന്നു.

രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന 172 വിദ്യാർഥികൾക്ക്, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ ബംഗാൾ സർക്കാർ സൗകര്യമൊരുക്കി. ഇതിനെതിരെയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ രംഗത്ത് വന്നത്. നിലവിലുള്ള മെഡിക്കൽ കമ്മീഷൻ ചട്ടമനുസരിച്ച് അത് അനുവദിക്കാൻ ആകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഒരേ കോളേജിൽ തന്നെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകളും, 12 മാസത്തെ ഇന്റണ്ഷിപ്പും പൂർത്തിയാക്കണം എന്നാണ് നിലവിലുള്ള ചട്ടം. അല്ലാത്തപക്ഷം സ്‌ക്രീനിങ് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

മടങ്ങിയെത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ കേന്ദ്രത്തിന്റെ നിലപാട് കാര്യമായി ബാധിക്കും. യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ മെഡിക്കൽ വിദ്യാർഥികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക് ആണ്.

അതേസമയം മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനുള്ള സാധ്യതകൾ തേടിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.