National

മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ

മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ പിടികൂടി.

അറസ്റ്റിലായ ഒമ്പത് പേരിൽ രണ്ട് ഡോക്ടർമാരും രണ്ട് ബിഡിഎസ് വിദ്യാർത്ഥികളും നാല് എംബിബിഎസ് വിദ്യാർത്ഥികളും ഒരാൾ ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമാണ്. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.