ഹോളിവുഡ് ഗായകനായ മലയാളി കൃഷ്ണകുമാര്‍ കുന്നത്തിന്റെ(കെ കെ) മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടിയുടെ സംഘാടകരെ ന്യായീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. കെ കെയുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍ പറഞ്ഞു. പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായെങ്കില്‍ കെ കെ അത് സംഘാടകരോട് പറയണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അസുഖമുണ്ടെങ്കില്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നു. കെ കെ മരണപ്പെട്ടതിനാല്‍ താന്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ശന്തനു സെന്‍ കൂട്ടിച്ചേര്‍ത്തു.
കെ കെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായി എന്ന പ്രചാരണത്തിന് വാസ്തവവുമായി ബന്ധമില്ല. സംഘാടകര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ കെ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന് കരള്‍ സംബന്ധമായ രോഗങ്ങളുമുണ്ടായിരുന്നു. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കരുതുന്നില്ല. സംഘാടകര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് രാഷ്ട്രീയം മാത്രമാണ്. ശന്തനു സെന്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്‌നങ്ങള്‍ കെകെ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തില്‍ 2400 പേര്‍ക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാല്‍ 7000ല്‍ അധികം ആളുകള്‍ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാര്‍ ഉണ്ടായിരുന്ന സ്റ്റേജില്‍ ഉള്‍പ്പടെ സംഘാടകരുടെ ഭാഗത്തുള്ള നൂറോളം പേര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവര്‍ത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.
സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകള്‍ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഗ്രീന്‍ റൂമിലെത്തുമ്പോള്‍ അവിടെ എ.സി പ്രവര്‍ത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയര്‍ എസ്റ്റിങ്യൂഷര്‍ ഉപയോഗിച്ചെന്നും അങ്ങനെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്.