National

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

124A വകുപ്പ് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പുനഃപരിശോധന കഴിയുന്നത് വരെ പൊതുതാത്പര്യഹർജികൾ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. പുനഃപരിശോധനാ നടപടികൾ അവസാനിക്കുന്നത് വരെ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 124 A പ്രകാരം അറസ്റ്റിലായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ മാർഗരേഖ പുറത്തിറക്കാൻ കഴിയുമോയെന്നതിലും കേന്ദ്രസർക്കാർ ഇന്ന് നിലപാട് അറിയിക്കണം. കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.