National

ചവറ്റുകുട്ടയിലെ ഭക്ഷണം തീറ്റിച്ചു, ദേഹമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാട്; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും ക്രൂരത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് സംഭവം. കൊടും ക്രൂരതയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവിൽ ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അസമിലെ ദിമ ഹസാവോ ജില്ലയിൽ നിന്നുള്ള മേജർ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാൽസണുമാണ് അറസ്റ്റിലായത്. പതിനാറുകാരിയെ ദമ്പതികൾ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. ഭക്ഷണം അഭ്യർഥിക്കുമ്പോൾ ചവറ്റുകുട്ടയിൽ നിന്ന് കഴിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇവർ പെൺകുട്ടിയെ കൂടുതൽ സമയവും നഗ്നയാക്കി നിർത്തിയതായും ആരോപണമുണ്ട്.

നഗ്നയാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുമായിരുന്നു. ശരീരത്തിൽ നിന്ന് രക്തം വരുന്നതുവരെ മർദനം തുടരും. സ്വന്തം രക്തം നക്കാൻ പോലും ദമ്പതികൾ നിർബന്ധിക്കുമായിരുന്നുവെന്നും പെൺകുട്ടി ആരോപിച്ചു. അതേസമയം പെൺകുട്ടി കോണിപ്പടിയിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നാണ് പ്രതികളായ ദമ്പതികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ദിമ ഹസാവോ എസ്പി മായങ്ക് കുമാർ പറഞ്ഞു.

ബേബി സിറ്റിംഗിനായാണ് ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലുള്ള പ്രതി പെൺകുട്ടിയെ ഹിമാചൽ പ്രദേശിലെ പാലംപൂരിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പെൺകുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. ദമ്പതികൾക്കൊപ്പം ആസാമിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി കുടുംബത്തോട് ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. അന്വേഷണത്തിൽ മേജറിനും ഭാര്യക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. പെൺകുട്ടിക്ക് വൈദ്യചികിത്സ ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും മായങ്ക് കുമാർ പറഞ്ഞു.