National

പതിറ്റാണ്ടുകളായി മഹാത്മാഗാന്ധിയെ കുലദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം

തെലങ്കാനയിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി മഹാത്മാഗാന്ധിയെ തങ്ങളുടെ കുലദൈവമായി ആരാധിക്കുന്നു. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പൂജ നടത്തിക്കൊണ്ടാണ് ഇവരുടെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ. മഹാത്മാഗാന്ധി എങ്ങനെ ദൈവമായി? എവിടെയാണ് ഈ ഗ്രാമം? ഇതിന് പിന്നിലെ കഥ എന്ത്?

തെലങ്കാന സംസ്ഥാനത്തെ നിസാമാബാദ് ജില്ലാ റൂറൽ നിയോജകമണ്ഡലത്തിൽ വരുന്ന ഗ്രാമങ്ങളിലൊന്നാണ് നർസിംഗ്പൂർ. 1961-ൽ ഗ്രാമത്തിന്റെ നടുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ ഗ്രാമവാസികൾ ഭൂമി പൂജ നടത്തി. തറക്കല്ലിടൽ ചടങ്ങ് പുരോഗമിക്കുന്നതിനിടെ ഗ്രാമത്തിലെ ഒരു കുടുംബത്തിന് ആൺകുഞ്ഞ് പിറന്നു. ഇത് ശുഭ സൂചകമായി ഗ്രാമം മുഴുവൻ കണക്കാക്കി. അന്നുമുതൽ ഗാന്ധി പ്രതിമ പൂജിക്കാതെ ഒരു ചടങ്ങും സംഘടിപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ചു.

മുമ്പ് ഗ്രാമത്തിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയെയാണ് അവർ ആരാധിച്ചിരുന്നത്. പിന്നീട് രാഷ്ട്രപിതാവിനെ കുലദൈവമായി കണക്കാക്കി വിഗ്രഹത്തിന് മുന്നിൽ ആരാധന ആരംഭിച്ചു. രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്ടോബർ 2 ന് ഗ്രാമം മുഴുവൻ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഒത്തുകൂടുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നു. വലിയ ഉത്സവമാണ് ഗ്രാമവാസികൾക്ക് അന്നത്തെ ദിവസം.