National

India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്

ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം…

ബഹ്‌റൈന്‍

ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ സൂയിസിന് കിഴക്കായി സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും 1971നാണ് ബഹ്‌റൈന്‍ കോളനി വാഴ്ചയില്‍ നിന്നും പൂര്‍ണമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് 15നാണെങ്കിലും ഭരണാധികാരി ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ സ്ഥാനാരോഹണ ദിനമായ ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആഗസ്റ്റ് 15ന് കൊറിയയുടെ ദേശീയ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചുവരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെയാണ് 35 വര്‍ഷം നീണ്ട ജാപ്പനീസ് അധിനിവേശത്തില്‍ നിന്നും കൊളോണിയല്‍ ഭരണത്തില്‍ നിന്നും കൊറിയ മോചനം നേടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യസേനയുടെ സഹായത്തോടെയാണ് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യ ദിനത്തെ ദക്ഷിണ കൊറിയ വെളിച്ചം വീണ്ടെടുത്ത ദിനമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പിതൃരാജ്യത്തിന്റെ വിമോചന ദിനമെന്നാണ് ആഗസ്റ്റ് പതിനഞ്ചിനെ ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്.

ലിക്റ്റന്‍സ്റ്റൈന്‍

1866-ല്‍ ആണ് ജര്‍മന്‍ ഭരണത്തില്‍ നിന്നും ലിക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യം നേടുന്നത്. ആസ്ട്രിയയ്ക്കും സ്വിറ്റസര്‍ലന്‍ഡിനുമിടയിലാണ് ഈ കൊച്ചുരാജ്യം സ്ഥിതിചെയ്യുന്നത്. പഴയ ഭരണാധികാരിയുടെ ജന്മദിനം കൂടിയായ ആഗസ്റ്റ് 15 ആണ് ദേശീയ ദിനമായി ലിക്റ്റന്‍സ്റ്റൈന്‍ ആഘോഷിക്കുന്നത്.