ലോക് നായക് ആശുപത്രിയിലെ സ്വീപ്പർ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഈ ചെറുപ്പക്കാരനാണ്.
കുടുംബത്തിന്‍റെ ഭാരം ചുമലിലേറ്റി ശ്മശാന ജോലി ചെയ്യേണ്ടിവന്ന പ്ലസ്ടുകാരനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലമ്പൂർ സ്വദേശിയായ മുഹമ്മദ് ചാന്ദിനെയാണ് ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്.
കോവിഡ് കാലത്ത് പട്ടിണിയിലായി പോയ കുടുംബത്തെ സഹായിക്കാനാണ് മുഹമ്മദ് ചാന്ദ് ശ്മശാന ജോലി ഏറ്റെടുത്തത്. ഉമ്മയ്ക്ക് മരുന്നു വാങ്ങാനും സഹോദരങ്ങൾക്ക് സ്കൂൾ ഫീസ് അടക്കാനുമുള്ള പണം കണ്ടെത്താനാണ് അപകടകരമായ ജോലി ചാന്ദ് സ്വീകരിച്ചത്.
കോവിഡ് മൂലം മരണമടയുന്നവരെ സംസ്കരിക്കുന്ന ജോലിയാണ് ചാന്ദിന്‍റേത്. വാർത്താ മാധ്യമങ്ങളിലൂടെ ചാന്ദിന്‍റെ ജീവിതകഥ അറിഞ്ഞ് വീട്ടിലെത്തിയ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രതിനിധികൾ കുടുംബത്തെ സഹായിക്കാനും പഠനചെലവ് ഏറ്റെടുക്കാനുമുള്ള സന്നദ്ധത അറിയിച്ചു
മാതാപിതാക്കളടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് ചാന്ദിന്‍റേത്. പലയിടത്തും ജോലിക്കായി അലഞ്ഞെങ്കിലും അവസാനം ലഭിച്ചത് ലോക്‍നായക് നാരായണ്‍ ആശുപത്രിയിലെ തൂപ്പുജോലിയാണ്. സ്വീപ്പർ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഈ ചെറുപ്പക്കാരനാണ്. ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തിലെത്തിക്കണം. അവിടെയെത്തി മൃതദേഹം പുറത്തിറക്കി സ്ട്രെച്ചറില്‍ കിടത്തി, സംസ്കാരചടങ്ങുകളും നടത്തണം.
വൈറസിനെ അതിജീവിക്കാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷേ പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലെന്നായിരുന്നു, ഈ ജോലി സ്വീകരിച്ചതിനെ കുറിച്ച് മുഹമ്മദ് ചാന്ദിന് പറയാനുണ്ടായിരുന്നത്. ”ജോലിക്കായി വീട്ടിൽ നിന്നിറങ്ങും മുമ്പ് ഞാൻ നമസ്കരിക്കും. ദൈവത്തിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. ദൈവം എന്നെ കാത്തുരക്ഷിക്കും. എനിക്ക് വഴികാണിച്ചു തരും..” -എല്ലാം ദൈവത്തിലർപ്പിച്ച് നല്ല നാളെക്കായി കാത്തിരിക്കുകയായിരുന്നു ചാന്ദ് മുഹമ്മദ്.
കുടുംബത്തിന്‍റെ ഏക വരുമാന സ്രോതസ്സായ മൂത്ത സഹോദരന് ഉണ്ടായിരുന്ന ജോലി ലോക്ക്ഡൌണ്‍ കാലത്ത് നഷ്ടമായതോടെയാണ് മുഹമ്മദ് ചാന്ദ് ജോലി തേടി ഇറങ്ങിയത്. പ്ലസ്ടുവിന് ശേഷം മെഡിസിന് ചേരണമെന്നാണ് മുഹമ്മദ് ചാന്ദിന്‍റെ ആഗ്രഹം.