National

‘ഇത് പുതിയ ഇന്ത്യ’: കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മാധവൻ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ വേദിയിൽ തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു മാധവന്റെ പുകഴ്ത്തൽ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

“പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ തന്നെ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കും, ഇത് ഫലം കാണാൻ പോകുന്നില്ല എന്ന് സാമ്പത്തിക സമൂഹം വിലയിരുത്തി. അവർ ചോദിച്ചു, എങ്ങനെയാണ് നിങ്ങൾ കർഷകരെയും വിദ്യാഭ്യാസമില്ലാത്തവരെയും ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരെയും സ്മാർട്ട്ഫോണും അക്കൗണ്ടിംഗും പഠിപ്പിക്കുക? മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമാകുമെന്ന് അവർ വിധിയെഴുതി.”

“എന്നാൽ, രണ്ടു വർഷങ്ങൾക്കുള്ളിൽ, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അത് ഉപയോഗിക്കാൻ കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവർക്ക് പണം കിട്ടിയോ അതോ അവർ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാൻ ഫോൺ ചെയ്‌താൽ മാത്രം മതി. അതാണ് പുതിയ ഇന്ത്യ. ഫോൺ ഉപയോഗിക്കുന്നതിന് കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ല” ആർ മാധവൻ വിഡിയോയിൽ പറയുന്നു.

മാർച്ചെ ഡു ഫിലിംസിൽ (കാൻ ഫിലിം മാർക്കറ്റ്) ഈ വർഷത്തെ കൺട്രി ഓഫ് ഓണർ ആയി ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ആർ മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്, ശേഖർ കപൂർ, പ്രസൂൺ ജോഷി എന്നിവരും സംഘത്തിലുണ്ട്. പ്രശസ്‌തമായ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പ്രതിനിധികളുടെ ചിത്രങ്ങൾ ഠാക്കൂർ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.