National

ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളിലായി 8 ഭീകരരെ സൈന്യം വധിച്ചു

സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്

കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനിൽ 5 ഉം പുൽവാമയിൽ 3 ഉം ഭീകരരെയാണ് വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി സമീപ മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ ഏറ്റുമുട്ടലാണ് അതിർത്തി മേഖലകളിൽ നടക്കുന്നത്. അതിനാൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ് സൈന്യവും പൊലീസും. അത്തരമൊരു തിരച്ചിലിനിടയിലാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടലുണ്ടായത്.

മുനന്ദിൽ വച്ച് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടർന്നാണ് പുൽവാമയിലെ പാമ്പോറിൽ സൈന്യവും പൊലീസും തിരച്ചിൽ നടത്തിയത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.

നിരസിച്ച ഭീകരർ സമീപത്തെ മോസ്കിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മുനന്ദിലും പാമ്പോറിലും ഒരേ സമയമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇത്രയും ഭീകരരെ ഒരേസമയം വധിക്കാനായത് വൻ മുന്നേറ്റം ആയാണ് സൈന്യം കാണുന്നത്. ഷോപ്പിയാനിൽ കഴിഞ്ഞ 10 ദിവസത്തിനിടയിൽ അഞ്ചിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. ഈ വർഷം ഇതുവരെ 100 ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു.