ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയിരുന്നു. ഈ തെരച്ചിൽ ഏറ്റുമുട്ടലാവുകയും കനത്ത വെടിവെപ്പിനൊടുവിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിക്കുകയുമായിരുന്നു.
നേരത്തെ, ജമ്മു കശ്മീരിലെ പൂഞ്ചിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടിരുന്നു. നാല് പേർക്ക് പരുക്കേറ്റു. സുരൻകോട്ടയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബഫ്ലിയാസിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പ് തരാരൻ വാലി ഗലിയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരിൽ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിമൂന്ന് പേരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗവർണർ എൽജി മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായും ഗവർണർ ട്വീറ്റ് ചെയ്തു.