National

ചുട്ടുപൊള്ളി ഡൽഹി; റെക്കോർഡ് താപനില രേഖപ്പെടുത്തി

ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. റെക്കോർഡ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാൽ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഗുരുഗ്രാമിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ഡൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂർ വിഹാർ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില.

പാലം ഏരിയയിൽ 46.6 ഡിഗ്രി താപനിലയും, ആര്യ നഗറിൽ 46.8 ഡിഗ്രി താപനിലയും സ്‌പോർട്‌സ് കോംപ്ലക്‌സിൽ 48.4 ഡിഗ്രി താപനിലയും ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച ഡൽഹിയിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.