തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്പെഷ്യല്‍ പിഎ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 528 പേരാണ് മരിച്ചത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്.
ജൂണ്‍ 12നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദരനെ രാജീവ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചു പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ 127 പേര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം കോവിഡ് സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കസൃഷ്ടിക്കുന്നുണ്ട് തമിഴ്നാട്ടില്‍.
നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 62 പേര്‍ കൂടി മരിച്ചു. തമിഴ്നാട്ടില്‍ 49 പേരും കര്‍ണാടകയില്‍ ഏഴും തെലങ്കാനയില്‍ നാലും ആന്ധ്രാപ്രദേശില്‍ രണ്ടു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 905 പേരാണ്. ആകെ രോഗബാധിതരുടെ എണ്ണം 67891 ആയി. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. മരണസംഖ്യ 528 ആണ്. 1515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48019 ആണ് രോഗബാധിതരുടെ എണ്ണം. ചെന്നൈയില്‍ 919 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. കര്‍ണാടകയിലെ മരണസംഖ്യ 94 ആയി.