National

എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി

രാജ്യസഭയിൽ 19 പ്രതിപക്ഷ എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി. സഭയുടെ നടപടികൾ തുടരാന അനുവദിക്കണമെന്ന് ചെയർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ അവർ അവഗണിച്ചു എന്നും മറ്റ് അംഗങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറി എന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നത് സർക്കാരല്ല, പ്രതിപക്ഷമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ കൊവിഡ് മുക്തനായി തിരികെവരുമ്പോൾ വിലക്കയറ്റത്തെപ്പറ്റി ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണ്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ നാണ്യപ്പെരുപ്പത്തെയും വിലക്കറ്റയത്തെയും നിയന്ത്രിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ തീരുമാനങ്ങൾ സഭയെ അറിയിക്കാൻ സർക്കാർ ഒരുങ്ങിയിരിക്കുകയാണ് എന്നും ഗോയൽ പറഞ്ഞു.

രാജ്യസഭയിൽ പ്രതിഷേധിച്ച 19 എംപിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹിം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാർക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാർക്കുമാണ് സസ്‌പെൻഷൻ.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെൻ, ഡോ ശാന്തനു സെൻ എന്നിവർ ഉൾപ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.

ഇന്നലെ ലോക്‌സഭയിലും എംപിമാർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു. നാല് കോൺഗ്രസ് എംപിമാരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഇതുൾപ്പെടെ ഉയർത്തിക്കാട്ടിയാണ് എംപിമാർ ഇന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിഷേധം ശക്തമായിരുന്നു.

സർക്കാർ സമീപനങ്ങളോട് മ്യദുസമീപനം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഇന്ന് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും എത്തിയത്. സഭ നിർത്തിവച്ച് നെഹ്റു കുടുംബത്തിനെതിരായ ഇ ഡി നടപടിയും എംപിമാരുടെ സസ്പെൻഷൻ വിഷയവും ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ലോകസഭാ രാജ്യസഭ അദ്ധ്യക്ഷന്മാർ അടിയന്തിര പ്രമേയ നോട്ടിസ് മടക്കി വിഷയം ശൂന്യവേളയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടു. ഈ നിർദേശം തള്ളിയ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം തുടങ്ങി. ലോകസഭയിൽ സ്പീക്കറും രാജ്യസഭയിൽ ചെയർമാനും അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയായിരുന്നു.