National

‘കണ്ണീരിൽ തെളിയുന്ന ഭൂതകാലം’; സുശാന്തിന്റെ അവസാന പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

നടുക്കത്തോടെയായിരുന്നു സുശാന്തിന്റെ വിയോഗ വാർത്ത ഇന്ത്യ കേട്ടറിഞ്ഞത്. വെറും ഏഴ് വർഷം കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് ഒരു പിടി മറക്കാനാകാത്ത കഥാപാത്രങ്ങൾ സമ്മാനിച്ചു സുശാന്ത്. ഇനിയും പകർന്നാടാൻ എത്രയെത്ര വേഷങ്ങൾ മുന്നിലുണ്ടായിരുന്നിരിക്കണം…

കടുത്ത മാനസിക സമ്മർദം സുശാന്ത് അനുഭവിച്ചിരുന്നുവെന്നാണ് മരണശേഷം പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന സുശാന്തിന് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ സുശാന്തിന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, തഴഞ്ഞും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വിദേനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിടുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.

സുശാന്തിന്റെ അവസാന പോസ്റ്റ് ഇങ്ങനെ :

‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം

അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും

ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’

സുശാന്ത് സിംഗ് രജപുത് ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ജൂൺ 14ന് ജീവിതം അവസാനിപ്പിച്ച് യാത്രയായി. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.