National

അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; ഫിഫയുമായി ചർച്ച ആരംഭിച്ചതായി കേന്ദ്രം

ഫിഫയുടെ സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അതേസമയം സസ്പെൻഷൻ പിൻവലിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

എഐഎഫ്എഫ് സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്രം ശ്രമം ആരംഭിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഫിഫയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ തന്നെ അണ്ടർ 17 ലോകകപ്പ് ഉറപ്പാക്കുമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ നേട്ടം ഇന്ത്യക്കുണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു.

വനിത എ.എഫ്.സി കപ്പില്‍ പങ്കെടുക്കാന്‍ ഉസ്ബെക്കിസ്താനിലേക്ക് തിരിച്ച ഗോകുലം ടീം അംഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഗോകുലം ടീമിനും ഫിഫ തീരുമാനം കനത്ത തിരിച്ചടിയാണെന്ന് അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.