National

‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ സഖ്യം രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ്, കർണാടക മുഖ്യമന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

‘ഞാൻ ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല, പകരം പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു.. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രം. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്’ – സിദ്ധരാമയ്യ പറഞ്ഞു.

സാമൂഹിക പരിഷ്കർത്താവായ നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. ഇതിനിടെയാണ് വിവാദ പ്രസ്താവന. സിദ്ധരാമയ്യയുടെ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ വലിയ വിവാദമാണ് ഉയർന്നുവന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനിൽക്കുന്ന രീതിയാണ് അതെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തി.