ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത് വെടിവയ്പ്പ്.
മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയാണ് ആദ്യ ആക്രമണം. NSCN (KYA), ULFA (I) തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. പിന്നാലെ അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരുക്ക് പറ്റി.
നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ്. തീവ്രവാദികൾ അതിർത്തിയിലെ ഔട്ട്‌പോസ്റ്റിൽ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. അതേസമയം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് വർധിപ്പിച്ചു.