National

മോർച്ചറികൾ നിറഞ്ഞു: ഡല്‍ഹിയില്‍ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ അനുമതി

ഡൽഹി എല്‍ എന്‍ ജെ പി ആശുപത്രി മോർച്ചയിൽ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം.

ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കുന്നുകൂടിയതോടെയാണ് നീക്കം. അതേസമയം ഇപ്പോഴും 398 മരണം മാത്രമാണ് സർക്കാർ കണക്കിലുള്ളത്.

ഡൽഹി എല്‍ എന്‍ ജെ പി ആശുപത്രി മോർച്ചയിൽ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം.

ഇതേ അവസ്ഥയാണ് മിക്ക ആശുപത്രികളിലും. ഇതിനിടെ പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫർണസുകളിൽ 3 എണ്ണം പ്രവർത്തിക്കുന്നില്ല. സംസ്കരിക്കാൻ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാൻ സർക്കാർ അനുവദിച്ചത് .

അപ്പോഴും മരണസംഖ്യ വർധിച്ചത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സർക്കാർ കണക്കിൽ ഇതുവരെയും 400 നടുത്ത് മരണമാണുള്ളത്. പക്ഷെ യാഥാർത്ഥ്യം മറിച്ചാണ്. ഈ മാസം 16 വരെ 53 പേർ മരിച്ചതായി സഫ്ദർജങ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് സർക്കാർ രേഖയിൽ ഇല്ല . ഈ മാസം 17 വരെ 559 മൃതദേഹങ്ങൾ സംസ്കരിച്ചതായി 3 മുൻസിപ്പൽ കോർപ്പറേഷനുകളിലെയും കണക്കുകൾ വ്യക്തമാക്കുന്നു. നിഗം ബോധ് ഘട്ടിൽ ഇതുവരെ 244 ൽ അധികം മൃതദേഹങ്ങൾ സംസ്കരിച്ചു.

ഐറ്റിഒ മുസ്ലിം ശ്മശാനത്തിൽ 140 ൽ അധികവും. ദിനംപ്രതി ഇവിടെ 4 മൃതദേഹങ്ങൾ വരുന്നു. മംഗോൾ പുരി, മദൻപുർ ഖാദർ, ശാസ്ത്രി പാർക്ക് ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങൾ എത്തുന്നുണ്ട്.