HEAD LINES Latest news National

കാത്തിരിപ്പിന് വിരാമം; ശിവമോഗ വിമാനത്താവളം നാളെ പ്രവർത്തനം തുടങ്ങും

ഏറെക്കാലത്തെ കാത്തിരുപ്പിനൊടുവിൽ ശിവമോഗ കൂവേമ്പൂ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസിന് നാളെ തുടക്കം. ശിവമോഗ- ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക.(Shivamoga airport will be open tommorow)

നാളെ രാവിലെ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 11.05-നാണ് ശിവമോഗയിലെത്തുക. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മന്ത്രി എം.ബി. പാട്ടീൽ തുടങ്ങിയവർ ഈ വിമാനത്തിലുണ്ടാകും. തുടർന്ന് 11.25-ന് വിമാനം തിരികെ ബെംഗളൂരുവിലേക്ക് പുറപ്പെടും. 12.25-ന് ബെംഗളൂരുവിലെത്തും.

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. എന്നാൽ പണിപൂർത്തിയാകാതിരുന്നതിനാൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നില്ല.

അടുത്ത ഒരുമാസത്തിനുള്ളിൽ ചെന്നൈ, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കും ഇവിടെനിന്ന് വിമാന സർവീസുകളാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസ് തുടങ്ങുന്നതോടെ ശിവമോഗയിലെയും സമീപജില്ലകളിലെയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ. പത്തുവർഷത്തിനിടെ ശിവമോഗയെ അന്താരാഷ്ട്ര വിമാനത്താവളമാക്കാനും ലക്ഷ്യമിടുന്നുണ്ട്.