National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് – എൻ.സി.പി – ശിവസേന – സംയുക്ത ചർച്ച നാളെ നടക്കും. ആദ്യമായാണ് മൂന്ന് പാർട്ടികളും ഒന്നിച്ച് ചർച്ച നടത്താൻ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് -എന്‍.സി.പി ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം മൂന്ന് ദിവസത്തിനുള്ളില്‍ നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ചയില്‍ തീരുമാനമായിരുന്നത്. മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും. ആദ്യ തവണ ഉദ്ദവ് താക്കറെയാകും മുഖ്യമന്ത്രിയാകുക. തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തുമെന്ന് ശിവസേന കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉറപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ രൂപികരണം വേഗത്തിലാക്കാന്‍ പാര്‍ട്ടികള്‍ തീരുമാനമെടുത്തു. മൂന്ന് ദിവസത്തിനുള്ളില്‍ ‌സര്‍ക്കാര്‍ രൂപികരണം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ വ്യക്തമാക്കുന്നത്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപികരിക്കേണ്ടതുണ്ടെന്ന അഭിപ്രായം തന്നെയാണ് മൂന്ന് പാര്‍ട്ടികള്‍ക്കുമുള്ളത്.