National

ഷീന ബോറ വധക്കേസ്: മാപ്പുസാക്ഷിയായ ശ്യാംവർ റായിക്ക് ജാമ്യം

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കേസിലെ മാപ്പ് സാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഷീന ബോറ വധക്കേസ് വെളിച്ചത്തുവന്നത്.

കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് റായി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി ശരിവെക്കുകയും, വിവിധ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

ശ്യാംവർ റായ് കേസിൽ പൊതുമാപ്പ് സാക്ഷിയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയുടെ ഭാഗമായി കേസ് തീർപ്പാക്കുന്നതുവരെ വിട്ടയക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ആയുധങ്ങൾ കൈവശം വച്ചതിന് 2015ലാണ് റായിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷീനയുടെ അമ്മ ഇന്ദ്രാണിയും ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയും റായിയും ചേർന്നാണ് ഷീന ബോറ കൊലപാതകം നടത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.