National

സെന്തില്‍ ബാലാജിയുടെ അറസ്റ്റ്: മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പരാതിയില്‍ ഇ ഡിയ്ക്ക് നോട്ടീസ്

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി ചെന്നൈ മേഖലയിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

നോട്ടീസിന് ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയ്‌ക്കെതിരെ സെന്തില്‍ ബാലാജിയുടെ ഭാര്യ എസ് മേഘലയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നത്

കോഴക്കേസില്‍ സെന്തില്‍ ബാലാജിയെ കര്‍ശനമായ ഉപാധികളോടെയായിരുന്നു ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഭക്ഷണം, മരുന്ന് എന്നിവ കൃത്യമായി നല്‍കണമെന്നും മൂന്നാം മുറ ഉപയോഗിക്കരുതെന്നും കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. സെന്തില്‍ ബാലാജിയെ ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും ചെന്നൈ പ്രിന്‍സിപ്പല്‍സ് സെഷന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയക്കായി ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് സെന്തില്‍. എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഓപ്പറേഷന്‍ നടത്താമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.