National

അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് എംഎൽഎമാർക്ക് നോട്ടീസ് അയച്ചിരുന്നു. ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്.

അതേസമയം ഷിൻഡെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള കടുത്ത അധികാര തർക്കത്തിനിടയിൽ ഒരു മന്ത്രി കൂടി ഞായറാഴ്ച സേനാ ക്യാമ്പ് വിട്ട് വിമത നേതാക്കൾക്കൊപ്പം ചേർന്നു. ഉദ്ധവ് താക്കറെയുടെ ടീമിനെ ഉപേക്ഷിച്ച് പോകുന്ന ഒമ്പതാമത്തെ മന്ത്രിയാണ് ഉദയ് സാമന്ത്. അതിനിടെ വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് സേനാ നേതൃത്വം, വിമത ക്യാമ്പിലെ മന്ത്രിമാരുടെ വകുപ്പുകൾ എടുത്തുകളയാൻ ചിന്തിക്കുന്നുണ്ട്. നഗരവികസന മന്ത്രാലയത്തിന്റെ തലവനായ ഷിൻഡെ, ജലവിതരണ-ശുചീകരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ, കൃഷി മന്ത്രി ദാദാ ഭൂസെ, സംസ്ഥാന മന്ത്രിമാരായ സംഭുരാജെ ദേശായി, അബ്ദുൾ സത്താർ എന്നിവർക്ക് വകുപ്പുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.