രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നതിനിടെ ഡല്‍ഹി ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും 144 പ്രഖ്യാപിച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയുടെ പരിസര പ്രദേശത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡുമായി ബന്ധപ്പെട്ടതല്ല റെയ്‌ഡെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.
സെക്ഷന്‍ 144 പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുതിയതല്ലെന്നും 10 ദിവസം മുന്‍പ് തീരുമാനിച്ചതാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. 144 ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ അറിയിച്ചുകൊണ്ട് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ ഒപ്പിട്ട ഉത്തരവ് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
ഓഖ്ല-ജാമിയ നഗര്‍ പ്രദേശത്ത് 60 ദിവസത്തേക്ക് 144 സെക്ഷന്‍ ചുമത്തിയതായി ജാമിയ നഗര്‍ പൊലീസ് അറിയിച്ചതായാണ് നോട്ടീസില്‍ പറയുന്നത്. അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ക്യാമ്പസിനകത്തും പുറത്തും കൂട്ടം കൂടുകയോ മാര്‍ച്ച്, ധര്‍ണ, പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ട്.