കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.
ഈ വര്‍ഷം ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം 370 കേന്ദ്രം എടുത്തുകളഞ്ഞത്. ശേഷം ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നടപടിയും ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 23 ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. നിയമസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയയോടെ മാത്രമേ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം എടുത്തുകളയാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഹരജികളിലെ പ്രധാനവാദം.
ജമ്മുകശ്മീര്‍ പ്യൂപ്പിള്‍സ് കോണ്‍ഫന്‍സ് പാര്‍ട്ടി, സിവില്‍ സര്‍വീസ് ഉപേക്ഷിച്ച ഷാ ഫൈസല്‍, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി തുടങ്ങിയവരുടേതടക്കം 23 ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസുമാരായ എന്‍.വി രമണ, സജ്ഞയ് കിശന്‍ കൌൾ, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.