സനാതന ധർമം മാത്രമാമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാക്കിയെല്ലാം ആരാധനാ മാർഗങ്ങളാണെന്നും യോഗി. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യോഗിയുടെ പ്രാസ്താവന. ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത മനസ്സിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
“സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിന്മേലുള്ള ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശി തന്നെ അപകടത്തിലാക്കും” യോഗി പറഞ്ഞു. ഇടുങ്ങിയ ചിന്താഗതിയുള്ള കാഴ്ചപ്പാടുകൾ ശ്രീമദ് ഭഗവതിന്റെ വിശാലത മനസ്സിലാക്കാൻ പാടുപെടുന്നെന്നും അദ്ദേഹം പറഞ്ഞു. മഹന്ത് ദിഗ്വിജയ് നാഥിന്റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ചും മഹന്ത് വൈദ്യനാഥിന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുമായിരുന്നു പരിപാടി നടത്തിയത്.