National

‘ബിജെപിയ്ക്ക് പരാജയഭീതി, രാജസ്ഥാനിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം’; വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിലെ ഇ ഡി റെയിഡ് രാഷ്ട്രീയ പ്രേരിതമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചില്‍ പൈലറ്റ്. ഇ ഡി റെയിഡുകള്‍ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും ബിജെപിയ്ക്ക് പരാജയഭീതിയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അന്വേഷണങ്ങളോട് കോണ്‍ഗ്രസിന് ഒരു തരത്തിലും എതിര്‍പ്പില്ല. പക്ഷേ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ആശങ്കപരത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അംഗീകരിക്കാനാകില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. (Sachin pilot against E D Raid in Rajasthan)

രാജസ്ഥാനില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയവും ഉറപ്പുകളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്തെങ്കിലും ക്രമക്കേടുകളുടെ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മുന്നോട്ടുവയ്ക്കാവുന്നതാണ്. അതിനെ എതിര്‍ക്കുന്നില്ലെങ്കിലും ബിജെപി പരാജയഭീതിയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതിനായി രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായി റെയിഡുകള്‍ നടത്തുമ്പോള്‍ അത് അപലപനീയമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു