National

ആരെയും ബന്ദിയാക്കിയിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; വേണു രാജാമണി

ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന റഷ്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡൽഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. യുദ്ധഭൂമിയിൽ നിന്ന് നീക്കണമെന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിക്കുന്നത്. ഇതുവരെ ആരും തങ്ങളെ തടഞ്ഞുവെച്ചതായി പറഞ്ഞിട്ടില്ല. റഷ്യയുടെ വാദത്തിന് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ അവശേഷിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ കൂടുതൽ ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെങ്കിൽ മന്ത്രാലയവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം. വിദ്യാർത്ഥികളെ വേഗത്തിൽ തിരികെയെത്തിക്കുമെന്നും വേണു രാജാമണി അറിയിച്ചു.

രണ്ട് ട്രെയിനുകളിൽ വലിയൊരു സംഘം, യുക്രൈനിൽ നിന്ന് തിരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വരെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നവരാണ് യാത്രതിരിച്ചത്. ട്രെയിനിൽ എത്രപേർ ഉണ്ടെന്നോ, അവശേഷിക്കുന്നവരുടെ എണ്ണവും കൃത്യമായി പറയാൻ കഴിയില്ലെന്നും വേണു രാജാമാണി പറഞ്ഞു. ഇവരുമായി ബന്ധപ്പെടാൻ നിലവിൽ മറ്റു മാർഗങ്ങൾ ഇല്ലെന്നും കൂടുതൽ വിവരം ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.