ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ).
ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. ആന ഇന്ത്യയുടെ ദേശീയ പൈതൃക മൃഗവുമാണ്.
ആനകളെ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗമാണ്. മറ്റ് ജീവജാലങ്ങളോട് ഉള്ള അതേ അനുകമ്പയും ബഹുമാനവും ആനകളോടും ഉണ്ടാകണം.
ഇന്ത്യയിൽ, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താൽപര്യം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. ആന സംരക്ഷണ കേന്ദ്രങ്ങളിലെ വനങ്ങളും ഹരിത പ്രദേശങ്ങളും വളരെ ഫലപ്രദമായ കാർബൺ സിങ്കുകളാണ്. അതുകൊണ്ട് തന്നെ ആനകളുടെ സംരക്ഷണം നമുക്കെല്ലാവർക്കും ഗുണകരമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കുമെന്ന് പറയാം.
ആനകളെ വളരെ ബുദ്ധിയുള്ള സെൻസിറ്റീവായ മൃഗങ്ങളായാണ് കണക്കാക്കുന്നത്. മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും നിസ്വാർത്ഥ സ്‌നേഹത്തിന്റെ വികാരം നമുക്ക് പഠിക്കാൻ കഴിയുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.