National

വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി

വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.

അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ സമുദായത്തെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിന് അടിസ്ഥാനമില്ല. 2021ലെ നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയ്ക്ക് വിരുദ്ധമാണ്, സുപ്രിം കോടതി വ്യക്തമാക്കി. 2021ലാണ് മദ്രാസ് ഹൈക്കോടതി വണ്ണിയാര്‍ സമുദായത്തിനുള്ള സംവരണം റദ്ദാക്കിയത്. 20 ശതമാനം സംവരണമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.