ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സിൽക്യാരയിലെ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല ട്വന്റി ഫോറിനോട് പറഞ്ഞു. രക്ഷാദൗത്യത്തിൽ തായ്‌ലൻഡിലെ വിദഗ്ധ സംഘത്തിൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറയുന്നത്.
രക്ഷാപ്രവർത്തനം ഊർജ്ജമായി തുടരുന്നു. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. തൊഴിലാളികളെ പരമാവധി വേഗത്തിൽ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷാദൗത്യത്തിന് ബദൽ സംവിധാനങ്ങൾ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനം വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവച്ചു.
രക്ഷാദൗത്യത്തിനിടെ തുരങ്കത്തിനുള്ളിൽ വലിയ വിള്ളൽ ശബ്ദം കേട്ടതോടെയാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിയത്. ‘തുരങ്കത്തിന് ഉള്ളിലെ പൈപ്പിടൽ പ്രവർത്തനം നിർത്തിവച്ചു. സ്ഥിതിഗതികൾ നേരിടാൻ വിവിധ സംഘടനകളിലെ എല്ലാ ഉദ്യോഗസ്ഥരുമായും മറ്റ് വിദഗ്ധരുമായും യോഗം വിളിച്ചിട്ടുണ്ട്’- എൻഎച്ച്ഐഡിസിഎൽ ഡയറക്ടർ (ടി) പറഞ്ഞു.