National

ന്യൂസിലന്‍ഡ് തീരത്തുനിന്ന് പ്രേതസ്രാവിനെ ലഭിച്ചു; കൗതുകം അടക്കാനാകാതെ സോഷ്യല്‍ മീഡിയ

സമുദ്രത്തിന്റെ അട്ടിത്തട്ടില്‍ പവിഴ ദ്വീപുകളും രത്‌നക്കൊട്ടാരങ്ങളും മത്സ്യകന്യകകളുമുണ്ടെന്ന് വര്‍ണിക്കുന്ന മായാജാല കഥകള്‍ കേട്ടാണ് എല്ലാവരും വളര്‍ന്നിട്ടുണ്ടാകുക. ആഴത്തില്‍ നിഗൂഢമായ ഇടമായ സമുദ്രത്തിന്റെ ഉള്ളറകളെക്കുറിച്ച് ചെറുപ്പം മുതലേ നമ്മുക്ക് ഒട്ടേറെ ഭാവനകളുണ്ടാകും. ഈ ഭാവനകളും നമ്മുക്കൊപ്പം തന്നെ വളര്‍ന്നിട്ടുള്ളതിനാല്‍ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ വസ്തുക്കള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഭാവനകളിലുള്ളത് പോലെ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നിനെയാണ് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് തീരത്തുനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഡ്രാകുള കഥകളെ ഓര്‍മ്മിപ്പിക്കുന്ന രൂപമുള്ള ഒരു കുഞ്ഞന്‍ സ്രാവിനെയാണ് തെക്കന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയത്. ഇത് പ്രേതസ്രാവെന്ന വിചിത്രമായ പേരില്‍ അറിയപ്പെടുന്ന ജീവിയുടെ കുഞ്ഞാണെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിയുക കൂടി ചെയ്തതോടെ സംഭവം ലോകശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് സംഘത്തിന്റെ കൈയ്യില്‍ വളരെ യാദൃച്ഛികമായാണ് കുഞ്ഞന്‍ പ്രേതസ്രാവ് എത്തിപ്പെടുന്നത്. വലിയ കറുത്ത കണ്ണുകളും ഗ്ലാസ് പോലുള്ള ത്വക്കും കൂര്‍ത്ത തലയുമുള്ള ഈ ജീവിയെ കണ്ടതിലെ കൗതുകം നിറഞ്ഞ അന്വേഷണങ്ങള്‍ ഒടുവില്‍ ഇത് ഗോസ്റ്റ് ഷാര്‍ക്കിന്റെ കുഞ്ഞാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുകയായിരുന്നു.

ആഴക്കടലില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ജീവിയാണ് ഗോസ്റ്റ് ഷാര്‍ക്കുകള്‍. ഇരുട്ടില്‍ നിന്ന് വല്ലപ്പോഴും മാത്രം പ്രേതത്തെപ്പോലെ പൊങ്ങിവരുന്ന ഇവ പലപ്പോഴും ആഴക്കടലിലെത്തുന്നവരെ ഭയപ്പെടുത്താറുണ്ട്. ആഴക്കടലിലെ അപൂര്‍വ മത്സ്യങ്ങളെയും മറ്റും കണ്ടെത്തുക പ്രയാസമാണെങ്കിലും പ്രേതസ്രാവുകളെ ശരീരത്തിന്റെ തെളിച്ചം കൊണ്ട് ഇരുട്ടില്‍ ഇവയെ താരതമ്യേനെ എളുപ്പത്തില്‍ കണ്ടെത്താനാകും. ജനിച്ച് അധികം ദിവസങ്ങള്‍ തികഞ്ഞിട്ടില്ലാത്ത സ്രാവ് കുഞ്ഞിനെയാണ് ശാസ്ത്രജ്ഞരുടെ കൈയ്യില്‍ കിട്ടിയിരിക്കുന്നത്. ജനിതക പരിശോധന നടത്തി പ്രേതസ്രാവുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.