National

യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; അഗ്നിപഥിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

അതേസമയം അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളുടെ മേൽ പദ്ധതി തിടുക്കത്തിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.