National

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവം; മെയ് മുതല്‍ പുനഃസംഘടനയടക്കമുള്ള മാറ്റങ്ങളിലേക്ക് പാര്‍ട്ടികള്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ അരയും തലയും മുറുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മെയ് 13ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുമെന്നിരിക്കെ പാര്‍ട്ടി കൂടുതല്‍ വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണ് എഐഎംഐഎം. ജില്ലാ തലത്തിലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി ചുമതല നല്‍കുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കൂടെച്ചേര്‍ക്കാന്‍ നീക്കം നടത്തുകയും ചെയ്യും.

ഒവൈസി ജയ്പൂരിലെത്തുന്നു

എഐഎംഐഎം പാര്‍ട്ടിയുടെ സംഘടനാ വിപുലീകരണം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജമീല്‍ ഖാന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ജയ്പൂരിലെത്തും. പത്തോളം ജില്ലകളിലെ പുതിയ പ്രസിഡന്റുമാരെയും പ്രഖ്യാപിക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പൂര്‍ണ മുന്‍ഗണന നല്‍കുമെന്നും ജമീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തയ്യാറെടുപ്പില്‍ പാര്‍ട്ടികള്‍

രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി ദേശീയ അധ്യക്ഷനും നാഗൗറില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബേനിവാള്‍ മേയില്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പുനസംഘടനയ്ക്ക് ശേഷം പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ആരായിരിക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവം. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍എല്‍പി നടത്തിയെന്നാണ് സൂചന.

ആം ആദ്മി പാര്‍ട്ടിയും രാജസ്ഥാനില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുഴുവന്‍ സീറ്റുകളിലും എഎപി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ചില സീറ്റുകളില്‍ മാത്രമാണ് തയ്യാറെടുപ്പ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും രാജസ്ഥാനില്‍ ഊന്നല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്. മെയ് 20ന് ശേഷം അഖിലേഷ് യാദവ് രാജസ്ഥാന്‍ സന്ദര്‍ശിക്കും.