National

കുട്ടികളുടെ യാത്രാക്കൂലി പരിഷ്കരിച്ച് ഏഴ് വർഷം കൊണ്ട് റെയിൽവേ നേടിയത് 2,800 കോടി

കുട്ടികൾക്കുള്ള യാത്രാ നിരക്ക് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ ഏഴ് വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക് 2,800 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായതായി റിപ്പോർട്ട്. 2022-23 ൽ മാത്രം അധിക വരുമാനമായി റെയിൽവേയ്ക്ക് ലഭിച്ചത് 560 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2016 മാർച്ചിലാണ് റെയിൽ കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രത്യേക സീറ്റുകളോ, ബെർത്തോ റിസർവ് ചെയ്യണമെങ്കിൽ മുതിർന്നവരുടെ അതേ നിരക്കു തന്നെ ഈടാക്കുമെന്നായിരുന്നു റെയിൽവെയുടെ പ്രഖ്യാപനം. പുതുക്കിയ മാനദണ്ഡങ്ങൾ 2016 ഏപ്രിൽ 21 മുതൽ പ്രാബല്യത്തിൽ വന്നു.

2016-2017 മുതൽ 2020-2023 വരെയുള്ള സാമ്പത്തിക വർഷം തിരിച്ചുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. യാത്രക്കാരായ കുട്ടികളിൽ 70 ശതമാനവും മുഴുവൻ നിരക്കും നൽകി യാത്ര ചെയ്തവരാണ്. 3.6 കോടി കുട്ടികൾ പകുതി നിരക്കിൽ യാത്ര ചെയ്തതായും കണക്കുകളിൽ പറയുന്നു. നേരത്തെ കുട്ടികൾക്ക് പകുതി നിരക്കായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ പുതിയ ചട്ടപ്രകാരം പകുതി നിരക്കിൽ യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടെങ്കിലും പ്രത്യേക സീറ്റോ ബർത്തോ കിട്ടില്ല.