National

അന്നേ പറഞ്ഞില്ലേ, ആഗസ്റ്റ് 10 ന് മുമ്പ് കോവിഡ് രോഗികള്‍ 20 ലക്ഷം കടക്കുമെന്ന്: ജൂലൈ 17 ന്‍റെ ട്വീറ്റ് ഓര്‍മയാക്കി രാഹുല്‍

കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തന്‍റെ പഴയ ട്വീറ്റ്, റീ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രോഗംവ്യാപിച്ചുകൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജൂലൈ 17 ന്‍റെ തന്‍റെ ട്വീറ്റാണ് രാഹുല്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 10ലക്ഷം കടന്നപ്പോഴായിരുന്നു ജൂലായ് 17ന് രാഹുലിന്‍റെ ട്വീറ്റ്. ആഗസ്റ്റ് 10 ആകുമ്പോള്‍ ഇന്ത്യയില്‍ 20 ലക്ഷം രോഗികള്‍ ഉണ്ടാകുമെന്നും രാഹുല്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും രാഹുല്‍ അന്നേ ട്വീറ്റ് ചെയ്തിരുന്നു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,000കടന്നിരിക്കുകയാണ് ഇപ്പോള്‍. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോ൪ട്ട് ചെയ്തത്. 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം.