Latest news National

കള പറിക്കാനല്ല വിളവുകൊയ്യാൻ; അരിവാളും തലയില്‍ കെട്ടും കർഷകനായി വയലിൽ ഇറങ്ങി രാഹുൽ ഗാന്ധി

ഛത്തീസ്ഗഡിലെ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി. കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു.വിളവെടുക്കാനാണ് രാഹുൽ വയലിൽ ഇറങ്ങിയത്.ഞായറാഴ്ചയാണ് രാഹുൽ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്.(rahul gandhi visits paddy field in chhattisgarh)

ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകർക്കായി ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് രാഹുല്‍ സംസാരിച്ചു.രാഹുല്‍ ഞായറാഴ്ചയാണ് റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സർക്കാരിന്റെ കർഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്ന് രാഹുല്‍ പറഞ്ഞു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സമൂഹ മാധ്യമമായ എക്സില്‍ കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചതിങ്ങനെ

“കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കർഷകർക്കായി കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്‍റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കർഷകർക്ക് 23,000 കോടി രൂപയുടെ സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. വൈദ്യുതി ബിൽ പകുതിയാക്കി. 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം ഭൂപേഷ് ബാഗേൽ സർക്കാർ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങൾ ആവർത്തിക്കാന്‍ പോകുന്ന മാതൃകയാണിത്”