National

എന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങളുള്ള ഒരാള്‍ ജീവിത പങ്കാളിയായാല്‍ നല്ലത്: രാഹുല്‍ ഗാന്ധി

തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമാണെന്നും രാഹുല്‍ പറഞ്ഞു. 

പപ്പു എന്ന് ഉള്‍പ്പെടെ വിളിച്ച് പരിഹസിക്കുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പപ്പു വിളിയില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭയം കൊണ്ടാണ് ചിലര്‍ തന്നെ അങ്ങനെ വിളിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. അവരുടെ ഉള്ളിലെ ഭയമാണ് ആ വിളി പ്രതിഫലിപ്പിക്കുന്നത്. അവര്‍ അസ്വസ്ഥരാണ്. ഏത് പേരുവേണമെങ്കിലും വിളിക്കട്ടേ. അതിനെയെല്ലാം താന്‍ സ്വാഗതം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വാഹനങ്ങളോടുള്ള തന്റെ താത്പര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. കാറുകളേക്കാള്‍ തനിക്കിഷ്ടം മോട്ടോര്‍ ബൈക്കുകളാണെന്ന് രാഹുല്‍ പറയുന്നു. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളേക്കാള്‍ ടൂ സ്‌ട്രോക്ക് മോട്ടോര്‍ സൈക്കിളുകളാണ് ഇഷ്ടം. പഴയ കാല ലാംബ്രട്ട സ്‌കൂട്ടറിന്റെ റെട്രോ സ്‌റ്റൈലും വളരെ സ്മൂത്തായ ഡ്രൈവും താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന് രാഹുല്‍ പറയുന്നു. താന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വലിയ ആരാധകനല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.