ചൈനയുടേ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയുടെ അതിർത്തി ആരും മറികടന്നിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റുകൾ പിടിച്ചെടുത്തിട്ടില്ലെന്നുമാണ് സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചത്.
PM has surrendered Indian territory to Chinese aggression.
— Rahul Gandhi (@RahulGandhi) June 20, 2020
If the land was Chinese:
1. Why were our soldiers killed?
2. Where were they killed? pic.twitter.com/vZFVqtu3fD
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം നടന്നത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല. സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.