National

പഞ്ചാബിൽ ‘കുറുപ്പ്’ മോഡൽ കൊലപതാകം; ഇൻഷുറൻസ് തട്ടാൻ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് പ്രചരിപ്പിച്ച വ്യവസായി അറസ്റ്റിൽ

പഞ്ചാബിൽ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താന്‍ ആണെന്ന് വരുത്തിത്തീർത്ത് കോടികളുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ബിസിനസ് തകർന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഇയാൾ നാല് കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പഞ്ചാബിലെ രാംദാസ് നഗർ മേഖലയിലാണ് സംഭവം. കേസിൽ വ്യവസായി ഗുർപ്രീത് സിംഗ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരുൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്ത് സുഖ്ജീത് സിംഗാണ് കൊല്ലപ്പെട്ടത്. സുഖ്ജീത്തിനെ കാണാനില്ലെന്ന് ഭാര്യ ജീവൻദീപ് കൗർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.

ബിസിനസ് തകർന്നതോടെ ഗുർപ്രീത് ഭാര്യയും മറ്റ് നാല് പേർ – സുഖ്‌വീന്ദർ സിംഗ് സംഘ, ജസ്പാൽ സിംഗ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരുമായി നാല് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറയുന്നു. ഗുർപ്രീത് മരിച്ചതായി വരുത്തിത്തീർത്ത് പണം തട്ടാനായിരുന്നു പദ്ധതി. ഒരാളെ കൊലപ്പെടുത്തിയ ശേഷം, മരിച്ചത് ഗുർപ്രീത് ആണെന്ന് പ്രചരിപ്പിക്കാൻ സംഘം തീരുമാനിച്ചു.

സെയ്ൻപൂർ പ്രദേശവാസിയായ സുഖ്ജീത്തിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഗുർപ്രീത് സൗഹൃദത്തിലായി. പിന്നീട് ജൂൺ 19 ന് സുഖ്ജീത്തിനെ കാണാതാവുകയും തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജീത്തിന്റെ മോട്ടോർ സൈക്കിളും ചെരിപ്പും കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് വിശദമായ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുർപ്രീത് തന്റെ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങിക്കൊടുക്കാറുണ്ടെന്ന് സുഖ്ജീതിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഗുര്‍പ്രീതിന്റെ കുടുംബത്തെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് റോഡപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അന്വേഷണത്തില്‍ ഗുര്‍പ്രീത് ജീവനോടെ ഉള്ളതായി കണ്ടെത്തി. ഗുര്‍പ്രീത് ഭാര്യയ്ക്കും മറ്റു നാലുപേര്‍ക്കുമൊപ്പം ഗൂഢാലോചന നടത്തി സുഖ്ജീത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി സുഖ്ജീത്തിനെ ബോധംകെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സുഖ്ജീത്തിന്റെ വസ്ത്രം ഗുര്‍പ്രീത് മാറ്റിയതായും പൊലീസ് പറയുന്നു. എന്നിട്ട് ഗുര്‍പ്രീതിന്റെ വസ്ത്രം സുഖ്ജീത്തിന് ധരിപ്പിച്ചു. തുടര്‍ന്ന് ട്രക്ക് കയറ്റി കൊല്ലുകയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായ നിലയിലുള്ള മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഗുര്‍പ്രീതിന്റെ ഭാര്യ അവകാശപ്പെട്ടതായും പൊലീസ് പറയുന്നു.