National

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടു; പ്രവാസി വെല്‍ഫെയര്‍ ദമ്മാം

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിലൂടെ ജനാധിപത്യത്തെ ഹിന്ദുത്വ ഫാസിസം കൊലപ്പെടുത്തുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി. ഭരണകൂടത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗത്തെ മുന്‍നിര്‍ത്തി സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി അഭിപ്രായ സ്വാതന്ത്ര്യത്തെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുന്നതാണെന്ന് ദമ്മാം റീജിയണല്‍ കമ്മിറ്റി പറഞ്ഞു.

‘വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്‌സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് വെറും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. പ്രതിപക്ഷം ഇല്ലാത്ത രാജ്യം ആണ് ആര്‍എസ്എസ് വിഭാവന ചെയ്യുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി.

നേരത്തെ ലക്ഷദ്വീപ് എം.പി ഫൈസലിനെ പ്രാദേശിക കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോഗ്യനാക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും തീരുമാനം പിന്‍വലിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ രാഹുല്‍ഗാന്ധിയുടെ അംഗത്വം റദ്ദാക്കാന്‍ തുനിഞ്ഞിറങ്ങിയതിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയാണന്ന് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജീയണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തീരൂര്‍ക്കാട് പറഞ്ഞു.