National

ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിനെ വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍

വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

” മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന, ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണ് ഇത്.” അദ്ദേഹം പറഞ്ഞു.

ജെ.ഡി.യു പൌരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ലോക്‍സഭയില്‍ വോട്ടു ചെയ്തിരുന്നു. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.