National

ദോശമാവ് ഇനി വീട്ടിലെത്തും; ആകര്‍ഷകമായ പദ്ധതിയുമായി ബംഗളൂരു തപാല്‍ വകുപ്പ്

പല പരീക്ഷണങ്ങളുമായി മറ്റെല്ലാ മേഖലയും പോലെ ഉപഭോക്തൃ സൗഹൃദമായി മാറുകയാണ് തപാല്‍ വകുപ്പും. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുമാറ്റുന്ന തപാല്‍ വകുപ്പ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത് ദോശമാവിനെയാണ്. ഇഡ്ഡലി, ദോശമാവ് വീട്ടുപടിക്കലെത്തുന്ന പദ്ധതി അവതരിപ്പിക്കുകയാണ് ബംഗളൂരു തപാല്‍ വകുപ്പ്.

കര്‍ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ച് വരുമാനം കൂടി മികച്ചതാക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാലിമാന്‍ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആദ്യ സെറ്റ് ഉത്പന്നങ്ങള്‍ വിറ്റുതുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്രകുമാര്‍ പറഞ്ഞു. ദോശ മാവിന്റെ 22ഓളം പാഴ്‌സലുകളാണ് ആദ്യ ദിനം ആളുകള്‍ ബുക്ക് ചെയ്തത്.

പദ്ധതി ജനപ്രീതി നേടിയാല്‍ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ച് ബിസിനസ് വിപുലീകരിക്കും. തപാല്‍ വകുപ്പിന് ആകര്‍ഷകമായ ബിസിനസ് അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പോസ്റ്റ്മാന്മാരാണ് ഡെലിവറി നടത്തുന്നതെങ്കിലും ഇതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കും. അതേസമയം മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരത്തിനില്ലെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കുന്നു. റെഡിമെയ്ഡ് ആഹാരത്തിന് പകരം പാചകത്തിന് വേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടൂ.